ഒല്ലൂർ ടൗൺഹാളിൽ ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യം; തീപിടിച്ചാൽ വൻ ദുരന്തഭീഷണി.

ഒല്ലൂർ നഗരത്തിൽ വൻ തീപിടിത്ത ദുരന്തത്തിന് വഴിയൊരുക്കുന്ന രീതിയിൽ ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ടിരിക്കുന്നതായി പരാതി. ഹരിതകർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഒല്ലൂർ ടൗൺഹാളിൽ കുന്നുകൂടിയിരിക്കുന്നത്. പ്ലാസ്റ്റിക് നിറഞ്ഞ ഹാളിൽ തീപിടിത്തമുണ്ടായാൽ സമീപത്തെ വീടുകൾക്കും കടകൾക്കും ഉൾപ്പെടെ വലിയ ഭീഷണിയാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക.
കോർപറേഷനിലെ അഞ്ച് ഡിവിഷനുകളിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യം തരംതിരിക്കാനായി പഴയ സോണൽ ഓഫീസിനോട് ചേർന്നുള്ള 2000 ചതുരശ്ര അടി വിസ്തീർണമുള്ള ഹാളിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഒരു വർഷം മുൻപാണ് ഇവിടെ പ്ലാസ്റ്റിക് ശേഖരണം ആരംഭിച്ചത്. എന്നാൽ മാലിന്യം തരംതിരിച്ച് കയറ്റിവിടുന്നത് കുറഞ്ഞതോടെ ഹാൾ മാലിന്യശേഖരണ കേന്ദ്രമായി മാറുകയായിരുന്നു. പഴയ സോണൽ ഓഫീസിലും ലൈബ്രറിയിലും പരിസരങ്ങളിലും പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടിയിട്ടുണ്ട്.
ടൗൺഹാളിനോട് ചേർന്ന് വീടുകളും കടമുറികളും സ്ഥിതി ചെയ്യുന്നതിനാൽ തീപിടിത്തമുണ്ടായാൽ വലിയ ദുരന്തത്തിന് കാരണമാകുമെന്ന് സമീപവാസികൾ മുന്നറിയിപ്പ് നൽകുന്നു. മുൻ ഭരണസമിതിയുടെ ശ്രദ്ധയിൽ പലതവണ വിഷയം കൊണ്ടുവന്നിട്ടും നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. നിലവിലെ ഡിവിഷൻ കൗൺസിലർ പോളി ജോസ് വിഷയം കൗൺസിലിന്റെ ശ്രദ്ധയിൽപ്പെടുത്താനുള്ള ഒരുക്കത്തിലാണ്.
അതേസമയം, പുതിയ സോണൽ ഓഫീസ് പരിസരത്ത് പ്ലാസ്റ്റിക് ശേഖരിക്കുന്നതിനായി നിർമിച്ച ഷെഡുകളിൽ നിന്നുള്ള ദുർഗന്ധം കാരണം ജീവിതം ദുരിതത്തിലായെന്നും സമീപവാസികൾ പരാതിപ്പെടുന്നു. പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്ത് സുരക്ഷിതമായ രീതിയിൽ സംസ്കരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.