ധനരാജ് വധക്കേസിലെ വിധിക്ക് പിന്നാലെ വിവാദ പ്രസംഗവുമായി ടി.ഐ.

സി.വി. ധനരാജ് വധക്കേസിലെ കോടതി വിധിക്ക് പിന്നാലെ വിവാദ പ്രസംഗവുമായി സിപിഎം നേതാവും മുൻ എംഎൽഎയുമായ ടി.ഐ. മധുസൂദനൻ. പയ്യന്നൂരിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണ പരിപാടിയിലായിരുന്നു മധുസൂദനന്റെ പ്രസംഗം. ധനരാജ് കൊല്ലപ്പെട്ടിട്ടില്ലെന്ന് ജഡ്ജി പറയാതിരുന്നത് ഭാഗ്യമെന്ന പരാമർശവും അദ്ദേഹം നടത്തി. പാർട്ടിയെ വിമർശിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയ മധുസൂദനൻ, തെരുവിലിറങ്ങിയാൽ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും പറഞ്ഞു. ചീമേനി കൂട്ടക്കൊലക്കേസും പ്രസംഗത്തിൽ പരാമർശിച്ചു. പ്രസംഗം രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.