ശ്മശാനത്തിനായി സ്ഥലം വൃത്തിയാക്കാൻ പഞ്ചായത്ത്; തടസ്സവുമായി സമീപവാസികൾ.

പാവറട്ടിയിൽ ഗ്രാമപ്പഞ്ചായത്തിന്റെ ശ്മശാനത്തിനായി നീക്കിവെച്ച സ്ഥലം വൃത്തിയാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ശ്മശാന നിർമാണത്തിനെതിരെ സമീപവാസികൾ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്ന് കഴിഞ്ഞ മൂന്ന് വർഷമായി മുടങ്ങിക്കിടന്ന നടപടികളാണ് ഇപ്പോൾ വീണ്ടും സജീവമായത്. കേസിൽ ഹൈക്കോടതി നടപടി അവസാനിപ്പിച്ചതോടെയാണ് പഞ്ചായത്ത് സ്ഥലമൊരുക്കാൻ തീരുമാനിച്ചത്.
കേസ് എത്രയും വേഗം പരിഗണിക്കണമെന്ന് പഞ്ചായത്ത് അഭിഭാഷകൻ അഡ്വ. റെബിൻ ഗ്രാലൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. പരാതികൾ തുടരുകയാണെങ്കിൽ ജില്ലാ കളക്ടറെ സമീപിക്കാമെന്ന് വ്യക്തമാക്കിയാണ് കോടതി കേസ് തള്ളിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഭരണസമിതി സ്ഥലം വൃത്തിയാക്കാൻ തീരുമാനിക്കുകയായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് ആന്റോലി ജോയിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഹിറ്റാച്ചി ഉൾപ്പെടെയുള്ള യന്ത്രസാമഗ്രികളുമായി സ്ഥലത്തെത്തി. ആദ്യം സ്ഥലത്തേക്കുള്ള വഴി വൃത്തിയാക്കി. തുടർന്ന് പറമ്പിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ സമീപവാസികളായ സ്ത്രീകൾ തടസ്സവുമായി രംഗത്തെത്തി.
സംഭവത്തെത്തുടർന്ന് എസ്.എച്ച്.ഒ മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസും പട്ടിക്കാട് റേഞ്ച് ഓഫീസർ രജിത്തിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കോടതി കേസ് തള്ളിയ സാഹചര്യത്തിൽ പരാതിയുള്ളവർക്ക് ജില്ലാ കളക്ടറെ സമീപിക്കാമെന്ന് പൊലീസ് അറിയിച്ചു. ഇതോടെ മൂന്ന് വർഷമായി നിലച്ചുകിടന്ന ശ്മശാന പദ്ധതിയുമായി ബന്ധപ്പെട്ട നടപടികൾക്ക് വീണ്ടും തുടക്കമായിരിക്കുകയാണ്.