ഈജിപ്തിൽ ഇന്ധന ടാങ്കർ മറിഞ്ഞ് വൻ തീപിടിത്തം; 31 പേർ വെന്തുമരിച്ചു, 27 വാഹനങ്ങൾ കത്തിനശിച്ചു.

ഈജിപ്ത് തലസ്ഥാനമായ കെയ്റോയിൽ ഇന്ധന ടാങ്കർ മറിഞ്ഞുണ്ടായ വൻ അപകടത്തിൽ 31 പേർ തീപിടിച്ച് മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഗിസയിലെ അൽ വറാഖിലൂടെ കടന്നുപോകുന്ന റിങ് റോഡിലാണ് അപകടം ഉണ്ടായത്. ടാങ്കറിന് തീപിടിച്ചതോടെ സമീപത്തുണ്ടായിരുന്ന വാഹനങ്ങളിലേക്കും തീ പടരുകയായിരുന്നു. ട്രക്കടക്കം 27 ഓളം വാഹനങ്ങൾ പൂർണമായോ ഭാഗികമായോ കത്തിനശിച്ചു. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അപകടത്തിൽ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി അനുശോചനം രേഖപ്പെടുത്തി.