ജാർഖണ്ഡിലെ ജുംലയിൽ ഭാര്യമാരെ കൊലപ്പെടുത്തി വനത്തിൽ കുഴിച്ചുമൂടിയ സംഭവത്തിൽ സഹോദരങ്ങൾ അറസ്റ്റിൽ

ജാർഖണ്ഡിലെ ജുംലയിൽ ഭാര്യമാരെ കൊലപ്പെടുത്തി വനത്തിൽ കുഴിച്ചുമൂടിയ സംഭവത്തിൽ സഹോദരങ്ങൾ അറസ്റ്റിൽ. ആംബുലൻസ് ഡ്രൈവറായ ശിവശങ്കർ സാഹു, സഹോദരൻ നവീൻ സാഹു എന്നിവരാണ് ഭാര്യമാരായ മിനി പ്രിയ (28), രാധിക കുമാരി (20) എന്നിവരെ കൊലപ്പെടുത്തിയത്. ഭാര്യമാർ തമ്മിലുള്ള നിരന്തര തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. തിങ്കളാഴ്ച നടന്ന കൊലപാതകത്തിനുശേഷം ഇരുവരുടെയും മൃതദേഹങ്ങൾ ആംബുലൻസിൽ സിംദേഗ ജില്ലയിലെ വനത്തിലെത്തിച്ച് കുഴിച്ചുമൂടുകയായിരുന്നു. ഭാര്യമാരെ കാണാനില്ലെന്ന് ആദ്യം പറഞ്ഞ സഹോദരങ്ങൾ, ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹങ്ങൾ കണ്ടെത്തി. കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തിയും മൃതദേഹങ്ങൾ കൊണ്ടുപോകാൻ ഉപയോഗിച്ച ആംബുലൻസും പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ പ്രതികളുടെ മാതാപിതാക്കളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.