ഡി.വൈ.എഫ്.ഐ പ്രതിഷേധം; ബസ് ജീവനക്കാരുമായി വാക്കേറ്റം

0

അരിമ്പൂർ: ചേറ്റുപുഴയിൽ ബസ് തട്ടി വീണ സ്കൂട്ടർ യാത്രക്കാരി ബസിന്റെ ചക്രം കയറി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കുന്നത്തങ്ങാടി സെന്ററിൽ ഡി.വൈ.എഫ്.ഐ. ലഘുലേഖ വിതരണം ചെയ്യുന്നതിനിടെ ബസ് ജീവനക്കാരുമായി വാക്കേറ്റവും സംഘർഷാവസ്ഥയും. സംഭവത്തെ തുടർന്ന് ബസ് ജീവനക്കാർ മിന്നൽ പണിമുടക്കും നടത്തി. ഡി.വൈ.എഫ്.ഐ. മണലൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ് ജീവനക്കാർക്ക് ലഘുലേഖ വിതരണം ചെയ്യുന്നതിനിടെ സ്വകാര്യ ബസ് ജീവനക്കാരൻ പ്രതിഷേധിച്ച് ബസ് റോഡിൽ നിർത്തിയിടുകയായിരുന്നു. പിന്നാലെ വന്ന ബസുകളും റോഡിൽ നിർത്തിയതോടെ തൃശൂർ–വാടാനപ്പള്ളി സംസ്ഥാനപാതയിൽ ഗതാഗതക്കുരുക്ക് രൂപപ്പെടുകയും നൂറുകണക്കിന് യാത്രക്കാർ പെരുവഴിയിലാവുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ പത്തോടെയാണ് സംഭവം. പ്രതിഷേധത്തിനിടെ ബസ് ജീവനക്കാർ ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്കിടയിലേക്ക് പാഞ്ഞടുക്കുകയും വെല്ലുവിളിക്കുകയും ചെയ്തതോടെ സംഘർഷാവസ്ഥയുണ്ടായി. ഇതിനിടെ ഡി.വൈ.എഫ്.ഐ. പ്രവർത്തകരോട് മോശമായി പെരുമാറിയെന്നാരോപിച്ച് ഒരു ബസ് ജീവനക്കാരനെതിരെ പൊലീസിൽ പരാതിയും ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *