കൊച്ചിയിൽ ‘ഓപ്പറേഷൻ നൈറ്റ് ഹണ്ട്’; 60 വാഹനങ്ങൾക്കെതിരെ നടപടി, 2.74 ലക്ഷം രൂപ പിഴ ഈടാക്കി.

0

കൊച്ചി നഗരത്തിൽ അനധികൃത വാഹന മോഡിഫിക്കേഷനും അമിത ശബ്ദമുണ്ടാക്കി രാത്രിയിൽ ചീറിപ്പായുന്ന വാഹനങ്ങൾക്കുമെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. പ്രത്യേക പരിശോധനയായ ‘ഓപ്പറേഷൻ നൈറ്റ് ഹണ്ടിൽ’ 60 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. നിയമലംഘകരിൽ നിന്ന് ആകെ 2,74,500 രൂപ പിഴയും ഈടാക്കി.
ഇന്നലെ രാത്രി എട്ട് മണി മുതൽ ഇന്ന് പുലർച്ചെ 5.30 വരെയായിരുന്നു പരിശോധന. എംവിഡി ആർടിഒ എൻഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തിൽ നാല് സ്ക്വാഡുകളായി തിരിഞ്ഞ് കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായിരുന്നു പരിശോധന നടത്തിയത്. നൂറിലധികം വാഹനങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ചു.
അനധികൃത സൈലൻസർ മാറ്റങ്ങൾ, ഹെൽമെറ്റ് ധരിക്കാതെയുള്ള യാത്ര, പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാത്തത്, വാഹനങ്ങളിലെ ലൈറ്റുകളിൽ നിയമവിരുദ്ധമായ മാറ്റങ്ങൾ വരുത്തിയത്, ഇരുചക്രവാഹനങ്ങളിൽ മൂന്ന് പേർ യാത്ര ചെയ്തത്, നമ്പർ പ്ലേറ്റ് മറച്ചുവെച്ചത് തുടങ്ങിയ നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്.
രാത്രികാലങ്ങളിൽ അമിത ശബ്ദമുണ്ടാക്കി പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെയും നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കെതിരെയും പരിശോധന ശക്തമാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. നഗരത്തിൽ ഇത്തരം നിയമലംഘനങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഓപ്പറേഷൻ നൈറ്റ് ഹണ്ട് സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *