കാലടി സംസ്കൃത സർവകലാശാലയിൽ വൻ ക്രമക്കേട്; അനുവദിച്ചതിനേക്കാൾ 46 പ്രൊഫസർമാർ അധികം.

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സർക്കാർ അനുവദിച്ചതിനേക്കാൾ 46 അധിക പ്രൊഫസർമാർ ജോലി ചെയ്യുന്നതായി ഓഡിറ്റ് വകുപ്പിന്റെ കണ്ടെത്തൽ. അധികമായി നിയമിച്ച അധ്യാപകർക്ക് ശമ്പളം നൽകിയതിലും സർക്കാർ അനുമതിയില്ലാതെ നിയമനങ്ങൾ നടത്തിയതിലും സർവകലാശാലയോട് ഓഡിറ്റ് വകുപ്പ് വിശദീകരണം തേടി.
സർവകലാശാലയിൽ ഒമ്പത് പ്രൊഫസർ തസ്തികകൾ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ 55 പ്രൊഫസർമാർ ജോലി ചെയ്യുന്നുണ്ടെന്നും ഇവർ ഉയർന്ന ശമ്പളം കൈപ്പറ്റുന്നുണ്ടെന്നുമാണ് ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തൽ. ഏകദേശം രണ്ടുലക്ഷം രൂപ വരെയാണ് ഒരു പ്രൊഫസറുടെ പ്രതിമാസ ശമ്പളം.
അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലും അനുവദിച്ച എണ്ണത്തിനനുസരിച്ചുള്ള നിയമനങ്ങൾ നടന്നിട്ടില്ലെന്നും ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാട്ടി. അധ്യാപകരുടെ പഞ്ചിങ് സംവിധാനം നടപ്പിലാക്കാത്തതിലും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സർവകലാശാല രജിസ്ട്രാർക്ക് ഓഡിറ്റ് ഓഫീസർ നോട്ടീസ് നൽകി.