ഒന്നാം പ്രതി സുഹൈൽ ഇന്ന് ജയിൽ മോചിതനാകും.

0

നെടുമ്പാശേരിയിൽ ആഡംബര കാറിടിച്ച് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ് ഇന്ന് ജയിൽ മോചിതനാകും. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് 19കാരനായ സുഹൈലിന്റെ മോചനം. കാക്കനാട് ജില്ലാ ജയിലിനോട് ചേർന്നുള്ള ബോസ്റ്റൽ സ്കൂളിലായിരുന്നു സുഹൈലിനെ പാർപ്പിച്ചിരുന്നത്. ഈ മാസം ആറിനാണ് ഹൈക്കോടതി സുഹൈലിന് ജാമ്യം അനുവദിച്ചത്. എന്നാൽ ഉത്തരവ് പ്രകാരം 10 ദിവസത്തെ കസ്റ്റഡി പൂർത്തിയാക്കിയ ശേഷമേ മോചിപ്പിക്കാവൂ എന്ന വ്യവസ്ഥയുണ്ടായിരുന്നു. കേസിലെ മറ്റ് പ്രതികളായ ജോയൽ എസ്. ആന്റോ, നിനവ്, അമീൻ ഷാ എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
ഒക്ടോബർ 11നാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. നെടുമ്പാശേരി എയർപോർട്ട് റോഡിൽ സുവർണ്ണോദ്യാനത്തിന് സമീപം സുഹൈൽ ഓടിച്ചിരുന്ന ആഡംബര കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ യാത്രികരായ കർണാടക സുള്ള്യ സ്വദേശി ഇയാസ്, വയനാട് സ്വദേശിനി ദേവിക, പാലക്കാട് മണ്ണാർക്കാട് സ്വദേശിനി ഗോപിക എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടദിവസം സുഹൈൽ നാല് ബാറുകളിൽ കയറിയിരുന്നതായി എക്സൈസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സുഹൈലിന്റെ ശരീരത്തിൽ അനുവദനീയമായതിന്റെ അഞ്ചിരട്ടി മദ്യത്തിന്റെ അംശമുണ്ടായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു.
അമിതവേഗതയും മദ്യപിച്ചുള്ള ഡ്രൈവിങ്ങുമാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസ് കണ്ടെത്തൽ. വാഹനത്തിലെ അഡ്വാൻസ്ഡ് ക്രാഷ് സേഫ്റ്റി മൊഡ്യൂളിൽ (ACSM) നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്ത കാർ കമ്പനിയുടെ റിപ്പോർട്ടും അപകടത്തിന്റെ തീവ്രത വ്യക്തമാക്കുന്നതായിരുന്നു. അപകടത്തിന് അഞ്ച് സെക്കൻഡ് മുമ്പ് കാർ മണിക്കൂറിൽ 162 കിലോമീറ്റർ വേഗതയിലായിരുന്നുവെന്നും കൂട്ടിയിടിയുടെ സമയത്ത് വേഗത 144 കിലോമീറ്ററായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ് മാത്രമാണ് ബ്രേക്ക് അമർത്തിയത്. 500 മീറ്റർ ദൂരം വെറും 11 സെക്കൻഡുകൊണ്ട് കാർ പിന്നിട്ടതായി സിസിടിവി ദൃശ്യങ്ങളും വ്യക്തമാക്കിയിരുന്നു.
മജിസ്ട്രേറ്റ് കോടതിയും സെഷൻസ് കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം പൂർത്തിയായെന്നും വിദ്യാർഥികളായ പ്രതികളെ തുടർന്നും കസ്റ്റഡിയിൽ വെക്കേണ്ടതില്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ മദ്യപിച്ചും അമിതവേഗതയിലും വാഹനം ഓടിച്ച പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് പ്രോസിക്യൂഷനും മരിച്ചവരുടെ ബന്ധുക്കളും കോടതിയിൽ എതിർപ്പ് അറിയിച്ചിരുന്നു. വിചാരണ കഴിയുന്നതുവരെ പ്രതികളെ കസ്റ്റഡിയിൽ സൂക്ഷിക്കാനാകില്ലെന്നും ജാമ്യം നിഷേധിക്കാൻ മതിയായ കാരണങ്ങൾ വേണമെന്നും നിരീക്ഷിച്ച ഹൈക്കോടതി, ഒന്നാം പ്രതിക്ക് 10 ദിവസത്തെ അധിക കസ്റ്റഡി വ്യവസ്ഥയോടെയും മറ്റ് പ്രതികൾക്ക് ഉടൻ ജാമ്യം അനുവദിച്ചും ഉത്തരവിടുകയായിരുന്നു. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ളവ ശേഖരിക്കാൻ കൂടുതൽ സമയം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യവും കോടതി പരിഗണിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed