പാലക്കാട് പെരിങ്ങോട്ടുകുറുശ്ശിയിൽ തോക്കുചൂണ്ടി ജ്വല്ലറിയിൽ വൻ കവർച്ച. വെള്ളിയാഴ്ച ഉച്ചയോടെ തോക്കുമായെത്തിയ മൂന്നംഗ സംഘം ജീവനക്കാരെ ഭീഷണിപ്പെടുത്തി സ്വർണം കവർന്നു

പാലക്കാട് പെരിങ്ങോട്ടുകുറുശ്ശിയിൽ തോക്കുചൂണ്ടി ജ്വല്ലറിയിൽ വൻ കവർച്ച. വെള്ളിയാഴ്ച ഉച്ചയോടെ തോക്കുമായെത്തിയ മൂന്നംഗ സംഘം ജീവനക്കാരെ ഭീഷണിപ്പെടുത്തി സ്വർണം കവർന്നു. കവർച്ച നടക്കുമ്പോൾ രണ്ട് സെയിൽസ് ഗേൾസ് മാത്രമാണ് കടയിലുണ്ടായിരുന്നത്. ഹിന്ദിയിൽ സംസാരിച്ച് ചെയിൻ ആവശ്യപ്പെട്ടെത്തിയ സംഘത്തിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ജീവനക്കാർ വിവരമറിയിച്ചതിന് പിന്നാലെയാണ് പ്രതികൾ ആക്രമണം നടത്തിയത്. ജ്വല്ലറിയുടെ പിൻഭാഗത്തുകൂടി എത്തിയ സംഘം തോക്കുപയോഗിച്ച് ഒരു തവണ വെടിയുതിർക്കുകയും ചെയ്തു. രണ്ടുപേരുടെ കൈവശം കത്തികളുമുണ്ടായിരുന്നു. ജീവനക്കാർ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ കവർച്ചാസംഘത്തിലെ ചിലർക്ക് പരിക്കേറ്റതായും കടയുടമ അറിയിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ യുവാക്കളാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ സംശയം. കോട്ടായി പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.