ജയബാലകൃഷ്ണന്‍ നീതി ഉറപ്പാക്കും; അന്വേഷണത്തിൽ വീഴ്ചയുണ്ടാകില്ലെന്ന് രമേശ് ചെന്നിത്തല.

കൊച്ചി: ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിലെ അന്വേഷണത്തിൽ യാതൊരു വീഴ്ചയുമുണ്ടാകാതെ ശ്രദ്ധിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മരിച്ച ജയബാലകൃഷ്ണന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണ ഇത്തരം കേസുകളിൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുമ്പോൾ കുടുംബാംഗങ്ങളുടെ അഭിപ്രായം പരിഗണിക്കാറുണ്ട്. ഇവിടെയും അതുതന്നെയാണ് സ്വീകരിക്കാൻ പോകുന്നത്. ഇക്കാര്യം ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തിക്ക് ഉറപ്പുനൽകിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
“അന്വേഷണം ശരിയായ ദിശയിലാണ്. കുടുംബവും സംതൃപ്തരാണ്. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടിയുണ്ടാകും. പതിനേഴുകാരന് ജാമ്യം നൽകിയതിനെതിരെ ജില്ലാ കോടതിയെ സമീപിച്ചിട്ടുണ്ട്. അതിന്റെ വാദം കേൾക്കൽ കഴിഞ്ഞിട്ടുണ്ട്. പ്രോസിക്യൂഷൻ അപ്പീലിൽ പതിനേഴുകാരന്റെ പേര് ഉൾപ്പെട്ടത് വലിയ വീഴ്ചയല്ല. അത് ഇന്ന് തിരുത്തി നൽകിയാൽ മതി.
സർക്കാർ പൂർണമായും ജയബാലകൃഷ്ണന്റെ കുടുംബത്തോടൊപ്പമാണ്. അവർക്ക് നീതി ഉറപ്പാക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. അവിടെ പാവപ്പെട്ടവരെന്നോ പണക്കാരെന്നോ വ്യത്യാസമില്ല. നീതിയും നിയമവും എല്ലാവർക്കും ഒരുപോലെയാണ്. അത് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം നിറവേറ്റാൻ ആഭ്യന്തരമന്ത്രിയെന്ന നിലയിൽ നടപടിയെടുക്കും,” അദ്ദേഹം വ്യക്തമാക്കി.