അന്നമനടയിൽ വരൾച്ചയുടെ സൂചന; പുഴ മെലിഞ്ഞു, കിണറുകൾ വറ്റുന്നു

അന്നമനട: വേനൽച്ചൂടിൽ പുഴയിലെ ജലനിരപ്പ് താഴ്ന്നതോടെ പുഴയോര പ്രദേശങ്ങളും വരൾച്ചയുടെ പിടിയിലേക്ക്. അന്നമനട, കാടുകുറ്റി ഗ്രാമപഞ്ചായത്തുകളിലെ പുഴയോര മേഖലകളിലാണ് ജലനിരപ്പ് താഴ്ന്നതോടെ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്നത്. അന്നമനട വിവേകോദയം സ്കൂളിന് സമീപത്തെ പുഴയോരത്ത് എട്ട് കിണറുകൾ ഇതിനകം വറ്റി. ജലനിധി കണക്ഷൻ ഇല്ലാത്ത കുടുംബങ്ങൾ കുടിവെള്ളത്തിനായി ഏറെ ബുദ്ധിമുട്ടുകയാണ്. കിണറുകളിൽ നീരുറവ ഇല്ലാതായതോടെ പലരും ജലനിധി പൈപ്പുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ ആഴ്ചയിൽ രണ്ടുദിവസം മാത്രമാണ് ജലനിധി കുടിവെള്ള വിതരണം നടത്തുന്നത്. മറ്റ് ദിവസങ്ങളിൽ നിരവധി വീടുകളിൽ വെള്ളം ലഭിക്കാത്ത സ്ഥിതിയാണ്. ജലനിധി കണക്ഷനുള്ളവരും ഇല്ലാത്തവരും ഒരുപോലെ ജലക്ഷാമം നേരിടുന്ന സാഹചര്യത്തിൽ അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.