എസ്.എം.എ ബാധിച്ച മൂന്ന് കുരുന്നുകൾക്ക് കൈത്താങ്ങായി യൂസഫലി; ചികിത്സയ്ക്കായി 2 കോടി രൂപ സഹായം പ്രഖ്യാപിച്ചു.

സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) ബാധിച്ച കോഴിക്കോട് സ്വദേശികളായ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി രണ്ട് കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. അരുണ്‍-ഷാൽമി ദമ്പതികളുടെ മക്കളായ ഡേവിഡ് മാഗ്നസ്, ഈഥൻ മോസസ്, ഒലിവർ ജോനോ എന്നിവർക്കാണ് സഹായം ലഭിക്കുക. ലുലു ഗ്രൂപ്പ് പ്രതിനിധികൾ ശനിയാഴ്ച കുട്ടികളുടെ വീട്ടിലെത്തി സഹായത്തുക കൈമാറും. ഏകദേശം 50 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ചികിത്സാ ദൗത്യത്തിനായി നാട്ടുകാരും വിവിധ മേഖലകളിലുള്ളവരും കൈകോർക്കുന്നതിനിടെയാണ് യൂസഫലിയുടെ സഹായ പ്രഖ്യാപനം. ഒരു കുട്ടിയുടെ ചികിത്സയ്ക്ക് ഏകദേശം 16.5 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.