ചാലക്കുടിയുടെ ചരിത്രവും സാങ്കേതിക പൈതൃകവും സംരക്ഷിക്കാൻ ലക്ഷ്യമിട്ട കൊച്ചിൻ ട്രാംവേ മ്യൂസിയത്തിന്റെ രണ്ടാംഘട്ട നിർമാണം ഫണ്ട് ലഭിക്കാത്തതിനെ തുടർന്ന് മുടങ്ങി.

ചാലക്കുടിയുടെ ചരിത്രവും സാങ്കേതിക പൈതൃകവും സംരക്ഷിക്കാൻ ലക്ഷ്യമിട്ട കൊച്ചിൻ ട്രാംവേ മ്യൂസിയത്തിന്റെ രണ്ടാംഘട്ട നിർമാണം ഫണ്ട് ലഭിക്കാത്തതിനെ തുടർന്ന് മുടങ്ങി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഭരണാനുമതി ലഭിച്ച പദ്ധതിക്ക് ആവശ്യമായ 2.84 കോടി രൂപ ഇതുവരെ അനുവദിച്ചിട്ടില്ല. നേരത്തെ അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച് കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയെങ്കിലും പിന്നീട് പരിസരം വീണ്ടും കാടുപിടിച്ച് ഉപയോഗശൂന്യമായ അവസ്ഥയിലാണ്. ട്രാംവേയുടെ പഴയ ഉപകരണങ്ങൾ, വാഗണുകൾ, ചക്രങ്ങൾ, പാളങ്ങൾ, വർക്ക്ഷോപ്പ് ഉപകരണങ്ങൾ എന്നിവ മ്യൂസിയത്തിൽ പ്രദർശിപ്പിക്കാനാണ് പദ്ധതി. 1906ൽ പൂർത്തിയായ കൊച്ചിൻ സ്റ്റേറ്റ് ഫോറസ്റ്റ് ട്രാംവേ ചാലക്കുടിയിൽനിന്ന് പറമ്പിക്കുളം വനമേഖലയിലേക്ക് 79 കിലോമീറ്റർ ദൂരത്തിലാണ് പ്രവർത്തിച്ചിരുന്നത്. 1963ൽ ട്രാംവേ പൊളിച്ചുമാറ്റി. രണ്ടാംഘട്ട നിർമാണത്തിനുള്ള ഫണ്ട് ലഭ്യമാക്കാൻ ശ്രമം തുടരുകയാണെന്നും ഇത്തവണ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും എം.എൽ.എ. സനീഷ് കുമാർ ജോസഫ് അറിയിച്ചു.