മകളുടെ വിവാഹാഘോഷത്തിനിടെ ഡ്രൈവറെ ചവിട്ടുന്ന ബിഹാർ എംഎൽഎ അനന്ത് സിങ്ങിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു

മകളുടെ വിവാഹാഘോഷത്തിനിടെ ഡ്രൈവറെ ചവിട്ടുന്ന ബിഹാർ എംഎൽഎ അനന്ത് സിങ്ങിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. എസ്‌യുവിയുടെ സൺറൂഫിലൂടെ പ്രവർത്തകരെയും അതിഥികളെയും അഭിവാദ്യം ചെയ്യുന്നതിനിടെയാണ് എംഎൽഎ ഡ്രൈവറെ തുടർച്ചയായി ചവിട്ടിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ അനന്ത് സിങ്ങിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഈ മാസം 25ന് നടന്ന മകൾ ശിവാംഗി സിങ്ങിന്റെ വിവാഹാഘോഷത്തിൽ ആയിരത്തോളം അതിഥികൾ പങ്കെടുത്തിരുന്നു. ബിഹാറിലെ മൊക്കാമയിൽ നിന്നുള്ള എംഎൽഎയായ അനന്ത് സിങ് ‘ഛോട്ടെ സർക്കാർ’ എന്ന പേരിലും അറിയപ്പെടുന്നു.