മധുര ജ്വല്ലറി കവർച്ച; അഞ്ച് കിലോ സ്വർണവുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റിൽ.

0

തമിഴ്നാട്ടിലെ മധുരയിൽ വൻ കോളിളക്കം സൃഷ്ടിച്ച ജ്വല്ലറി കവർച്ചാ കേസിൽ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റിൽ. കേസിലെ മുഖ്യപ്രതിയായ നിഷാന്തിന്റെ സുഹൃത്തും സോഷ്യൽ മീഡിയയിൽ സജീവവുമായ മീനാക്ഷിയെയാണ് മധുര സിറ്റി പൊലീസ് പിടികൂടിയത്. മുഖ്യപ്രതിയുടെ പിതാവ് സുരേഷിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മോഷ്ടിച്ച സ്വർണാഭരണങ്ങൾ ഒളിപ്പിക്കാൻ സഹായിച്ചതിനും കവർച്ചയുമായി ബന്ധപ്പെട്ട വിവരങ്ങൾ മറച്ചുവെച്ചതിനുമാണ് മീനാക്ഷിക്കെതിരെ കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായവരിൽ നിന്ന് ഏകദേശം അഞ്ച് കിലോഗ്രാം സ്വർണാഭരണങ്ങൾ അന്വേഷണ സംഘം കണ്ടെടുത്തു.
മോഷ്ടാവ് സഞ്ചരിച്ച സ്കൂട്ടറിന്റെ സിസിടിവി ദൃശ്യങ്ങളാണ് കേസന്വേഷണത്തിൽ നിർണായകമായത്. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രദേശവാസിയായ 20കാരൻ നിഷാന്തിലേക്ക് പൊലീസ് എത്തിയത്. ഇന്നലെ രാത്രി നിഷാന്തിന്റെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും മോഷണവുമായി ബന്ധപ്പെട്ട തെളിവുകളൊന്നും കണ്ടെത്താനായിരുന്നില്ല. എന്നാൽ നിഷാന്തും പിതാവും ചേർന്ന് മുഖംമൂടിയും കൈയുറകളും കത്തിയും ഉപയോഗിക്കുന്നത് കണ്ടെന്ന ദൃക്സാക്ഷിയുടെ മൊഴി അന്വേഷണത്തിൽ വഴിത്തിരിവായി.
നിഷാന്തിന്റെ ചിത്രം കണ്ട മറ്റൊരു യുവാവ് ഇയാളെ തിരിച്ചറിഞ്ഞതോടെ പിതാവ് സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് നിഷാന്തിന്റെ സുഹൃത്തായ മീനാക്ഷിയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഇരുവരും തമ്മിലുള്ള സോഷ്യൽ മീഡിയ ചാറ്റുകളും ഫോൺ വിവരങ്ങളും പരിശോധിച്ചതോടെയാണ് കവർച്ചയിൽ മീനാക്ഷിക്കുള്ള പങ്ക് അന്വേഷണ സംഘം കണ്ടെത്തിയത്. ഇതിന് പിന്നാലെ വൈകിട്ടോടെ മീനാക്ഷിയുടെയും സുരേഷിന്റെയും അറസ്റ്റ് രേഖപ്പെടുത്തി.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് മധുര ബൈപ്പാസ് റോഡിൽ പുതുതായി ആരംഭിച്ച ജ്വല്ലറി ഷോറൂമിൽ വൻ കവർച്ച നടന്നത്. നിർമാണപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരുന്ന കെട്ടിടത്തിലെ ലിഫ്റ്റ് ഷാഫ്റ്റ് വഴിയാണ് മോഷ്ടാവ് ഷോറൂമിനുള്ളിൽ പ്രവേശിച്ചത്. ഏകദേശം 11 കിലോയിലധികം സ്വർണാഭരണങ്ങളും ഒരു കിലോയോളം വജ്രാഭരണങ്ങളുമാണ് മോഷ്ടിക്കപ്പെട്ടത്. കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷ്ടാവ് സ്വീകരിച്ച രീതി അന്വേഷണ ഉദ്യോഗസ്ഥർക്ക് വ്യക്തമായത്.
കേസിലെ മുഖ്യപ്രതിയായ നിഷാന്ത് യൂട്യൂബറാണെന്നും കവർച്ചയ്ക്ക് പിന്നാലെ ചെന്നൈയിലേക്ക് കടന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാൾ ഇപ്പോഴും ഒളിവിലാണ്. ശേഷിക്കുന്ന സ്വർണാഭരണങ്ങൾ കണ്ടെത്തുന്നതിനും മുഖ്യപ്രതിയെ പിടികൂടുന്നതിനുമായി പ്രത്യേക അന്വേഷണ സംഘങ്ങൾ തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന മീനാക്ഷിയുടെ അറസ്റ്റ് തമിഴ്നാട്ടിൽ വലിയ ചർച്ചയായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed