56 ലക്ഷം രൂപയുടെ മദ്യവുമായി ലോറി മറിഞ്ഞു; കുപ്പികൾ പെറുക്കാൻ നാട്ടുകാരുടെ തിരക്ക്, ഗതാഗതക്കുരുക്ക്.

ചെന്നൈ വണ്ടല്ലൂർ–മിഞ്ചൂർ ഔട്ടർ റിങ് റോഡിൽ 56 ലക്ഷം രൂപ വിലമതിക്കുന്ന മദ്യവുമായി പോയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ ഡ്രൈവർ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. തിരുവള്ളൂർ ജില്ലയിലെ കക്കലൂരിൽനിന്ന് റെഡ് ഹിൽസിലേക്ക് മദ്യവുമായി പോവുകയായിരുന്ന ലോറിയാണ് മോറൈ ഗ്രാമത്തിന് സമീപം അപകടത്തിൽപ്പെട്ടത്. മുന്നിലുണ്ടായിരുന്ന കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ ഇടിക്കുന്നത് ഒഴിവാക്കാൻ ലോറി വെട്ടിച്ചപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. അപകടത്തെത്തുടർന്ന് റോഡിൽ ചിതറിക്കിടന്ന മദ്യക്കുപ്പികൾ പെറുക്കിയെടുക്കാൻ യാത്രക്കാരും നാട്ടുകാരും തിരക്കുകൂട്ടി. ഇതോടെ ഔട്ടർ റിങ് റോഡിൽ വൻ ഗതാഗതക്കുരുക്കുണ്ടായി. വിവരമറിഞ്ഞെത്തിയ പൊലീസ് ജനക്കൂട്ടത്തെ നിയന്ത്രിക്കുകയും ശേഷിച്ച മദ്യക്കുപ്പികൾ മാറ്റുകയും ചെയ്തു. ക്രെയിൻ ഉപയോഗിച്ച് ലോറി നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.