സർക്കാർ നൽകിയ അന്ത്യശാസനവും ഫലം കണ്ടില്ല.

0

എറിയാട്: സർക്കാർ നൽകിയ അന്ത്യശാസനവും ഫലം കണ്ടില്ല. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ തണ്ണീർത്തടങ്ങളും ഭൂമിയും തോടുകളും നികത്താനുപയോഗിച്ച രാസമാലിന്യം കലർന്ന മണ്ണ് നീക്കം ചെയ്യുന്നത് വീണ്ടും പൂർണമായും നിലച്ചു. ഇതോടെ രാസമാലിന്യത്തിൽനിന്ന് തീരദേശ ജനതയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റ് മാർച്ച് ഉൾപ്പെടെയുള്ള പ്രക്ഷോഭങ്ങൾക്ക് തയ്യാറെടുക്കുകയാണ് നാട്ടുകാർ.
രാസമാലിന്യം നീക്കണമെന്നാവശ്യപ്പെട്ട് സമരങ്ങൾ നടന്നതിനെത്തുടർന്ന് കൊടുങ്ങല്ലൂർ താലൂക്ക് ഓഫീസിലും ഇരിങ്ങാലക്കുട ആർ.ഡി.ഒ. ഓഫീസിലും നടത്തിയ മാരത്തോൺ ചർച്ചകൾക്കൊടുവിലാണ് സെപ്റ്റംബർ 14ന് മണ്ണ് നീക്കൽ ആരംഭിച്ചത്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നികത്താനുപയോഗിച്ച രാസമാലിന്യം കലർന്ന മണ്ണ് രണ്ടാഴ്ചയ്ക്കുള്ളിൽ ഭൂവുടമകളുടെയും ഇടനിലക്കാരുടെയും കരാർ കമ്പനിയുടെയും ചെലവിൽ നീക്കാനായിരുന്നു ആർ.ഡി.ഒ. വിളിച്ചുചേർത്ത യോഗത്തിലെ തീരുമാനം. മണ്ണ് കൊണ്ടുപോകുന്നതിന് പാസ് നൽകാൻ പഞ്ചായത്തിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മണ്ണ് കൊണ്ടുവന്ന ഇടയാറിലെ ബിനാനി സിങ് കമ്പനിയുടെ സ്ഥലത്തുതന്നെ അത് തിരിച്ചിടാനായിരുന്നു ആർ.ഡി.ഒ.യുടെ ഉത്തരവ്.
എന്നാൽ, മണ്ണ് നീക്കം ചെയ്യൽ പേരിനു മാത്രമായി മാറുകയായിരുന്നു. നാട്ടുകാർ വീണ്ടും പ്രതിഷേധവുമായി എത്തിയതോടെ കഴിഞ്ഞ 14ന് ഇരിങ്ങാലക്കുട ആർ.ഡി.ഒ. ഓഫീസിൽ ചേർന്ന യോഗത്തിൽ ഒക്ടോബർ 28നകം മണ്ണ് പൂർണമായും നീക്കണമെന്ന് ഭൂവുടമകൾക്കും ഇടനിലക്കാർക്കും കരാർ കമ്പനിക്കും സർക്കാർ അന്ത്യശാസനം നൽകി. തുടർന്ന് 15നും 16നും ഏതാനും ലോഡ് മണ്ണ് നീക്കിയെങ്കിലും പിന്നീട് പ്രവൃത്തി പൂർണമായും നിലച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed