വാടകവീട് കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന.

കോഴിക്കോട് ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കക്കുഴിപ്പാലത്ത് വാടകവീട് കേന്ദ്രീകരിച്ച് ലഹരിവിൽപ്പന നടത്തിവന്ന കമിതാക്കൾ പിടിയിലായി. നന്മണ്ട സ്വദേശി അനന്തു, പുതിയപ്പ സ്വദേശി കീർത്തന എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ആശുപത്രി ആവശ്യങ്ങൾക്കാണെന്ന് പറഞ്ഞ് വീട്ടു ഉടമയെ വിശ്വസിപ്പിച്ചാണ് ഇവർ കക്കുഴിപ്പാലത്തെ വീടിന്റെ താഴത്തെ നില വാടകയ്ക്ക് എടുത്തത്. കഴിഞ്ഞ ദിവസം ഇവർ താമസിക്കുന്ന മുറിയുടെ വാതിലിൽ ഉടമ പലതവണ മുട്ടിവിളിച്ചിട്ടും തുറക്കാതിരുന്നതിനെ തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ ചോദിച്ചപ്പോൾ ഇരുവരും പരിഭ്രാന്തരാകുകയും പരസ്പരവിരുദ്ധമായി സംസാരിക്കുകയും ചെയ്തു.
തുടർന്ന് നടത്തിയ ദേഹപരിശോധനയിൽ ഇരുവരുടെയും പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ച 2.55 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. മുറിയിൽ പോലീസ് നടത്തിയ വിശദമായ പരിശോധനയിൽ, ലഹരിമരുന്ന് തൂക്കാൻ ഉപയോഗിക്കുന്ന ഒരു ഡിജിറ്റൽ ത്രാസും 11,000 രൂപയും കണ്ടെടുത്തിട്ടുണ്ട്. പിടിയിലായ ഇരുവരും മുൻപും സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണെന്ന് പോലീസ് പറയുന്നു. നേരത്തെ കാറിൽ നിന്ന് എംഡിഎംഎ പിടികൂടിയ കേസിൽ പ്രതിയായിരുന്ന കീർത്തന, ആ കേസിൽ ജാമ്യത്തിലിറങ്ങിയതിന് ശേഷമാണ് ഇപ്പോൾ വീണ്ടും പിടിയിലാകുന്നത്. അനന്തുവിനെതിരെയും മുൻപ് ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകളുള്ളതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.