മോഷണശ്രമത്തിനിടെ വീട്ടുടമയെ കുത്തിപ്പരിക്കേൽപ്പിച്ചു.

0

പോലീസിലേൽപ്പിച്ചിട്ടും മണിക്കൂറുകൾക്കകം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച സംഭവം വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുന്നു.
കൊണ്ടോട്ടി പേങ്ങാട് സ്വദേശിയായ ഫൈസലിന്റെ വീട്ടിലാണ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ മോഷണശ്രമം നടന്നത്. വീടിനുള്ളിൽ കടന്ന അക്രമിയെ കണ്ട ഫൈസലിന്റെ മകൾ ഭയന്ന് നിലവിളിച്ചതിനെ തുടർന്നാണ് വീട്ടുകാർ വിവരമറിയുന്നത്. ഉടൻ തന്നെ എഴുന്നേറ്റ ഫൈസൽ ഡൈനിംഗ് ഹാളിൽ വെച്ച് പ്രതിയെ തടഞ്ഞുവെക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ കൈയിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് ഫൈസലിനെ കുത്തിപ്പരിക്കേൽപ്പിക്കുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.
​നിലവിളിയും ബഹളവും കേട്ട് ഓടിയെത്തിയ സമീപവാസികൾ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. അക്രമാസക്തനായ പ്രതിയെ നാട്ടുകാർ സമീപത്തെ പോസ്റ്റിൽ കെട്ടിയിടുകയും ചെയ്തു. ഇയാളെ പരിശോധിച്ചപ്പോൾ കൈയിൽ നിന്ന് കഞ്ചാവ് പൊതിയും കണ്ടെത്തിയിരുന്നു. തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് സംഭവസ്ഥലത്തെത്തിയ കൊണ്ടോട്ടി പോലീസ് സംഘത്തിന് പ്രതിയെയും കൈവശമുണ്ടായിരുന്ന ലഹരിവസ്തുവും നാട്ടുകാർ കൈമാറി. എന്നാൽ വീട്ടിൽ അതിക്രമിച്ചുകയറിയതും മോഷണശ്രമവും വീട്ടുടമയ്ക്ക് നേരെ നടന്ന ആക്രമണവും ലഹരിവസ്തു കണ്ടെത്തിയതുമെല്ലാം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ആദ്യഘട്ടത്തിൽ പോലീസ് ഇത് ഗുരുതരമായി പരിഗണിക്കാൻ തയ്യാറായില്ല. പ്രതി റോഡിൽ വെച്ച് മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നും പോലീസ് കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും മാത്രമുള്ള നിസ്സാര വകുപ്പുകൾ ചുമത്തിയാണ് പോലീസ് ആദ്യഘട്ടത്തിൽ എഫ്.ഐ.ആർ തയ്യാറാക്കിയത്.
​ഇതിനുപിന്നാലെ മണിക്കൂറുകൾക്കകം പ്രതിയെ പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് പുറത്തിറങ്ങിയ പ്രതി നേരെ വീണ്ടും ഫൈസലിന്റെ വീട്ടിലെത്തുകയും വീട്ടുടമയെ കൊല്ലുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *