തിരൂരങ്ങാടിയിൽ ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവം.

മലപ്പുറം തിരൂരങ്ങാടിയിൽ സ്റ്റേ വയറിൽനിന്ന് ഷോക്കേറ്റ് 14 വയസ്സുകാരനായ വിദ്യാർഥി മരിച്ച സംഭവത്തിൽ നടപടിയുമായി കെഎസ്ഇബി. വെണ്ണിയൂർ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ ബി.ജുവിനെ അന്വേഷണവിധേയമായി സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉത്തരവാദികളെന്ന് കണ്ടെത്തുന്ന മറ്റ് ജീവനക്കാർക്കെതിരെയും അച്ചടക്കനടപടി സ്വീകരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.
വിദ്യാർഥിയുടെ കുടുംബത്തിന് പ്രത്യേക ധനസഹായമായി 10 ലക്ഷം രൂപ നൽകാൻ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നിർദേശം നൽകി. സമാനമായ അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ സംസ്ഥാനത്തുടനീളമുള്ള വൈദ്യുതി ലൈനുകളിലും അനുബന്ധ സംവിധാനങ്ങളിലും അടിയന്തര പരിശോധന നടത്തും. അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ പ്രത്യേക സുരക്ഷാ ഓഡിറ്റും നടത്തും.
പരിശോധനയിൽ കണ്ടെത്തുന്ന സുരക്ഷാവീഴ്ചകൾ അടിയന്തരമായി പരിഹരിക്കാനും സംഭവത്തിൽ നിയമപരമായ പരിശോധന പൂർത്തിയാക്കാൻ ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർക്ക് നിർദേശം നൽകാനും തീരുമാനിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെയും പ്രത്യേകിച്ച് കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ മുൻകരുതലുകൾ കർശനമാക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കി.