ഇ20 പെട്രോളിനെതിരായ പ്രതിഷേധം പണം നൽകി നടത്തിയ പ്രചാരണം; എഥനോൾ നയത്തെ പിന്തുണച്ച് കേന്ദ്രം.

ദില്ലി: എഥനോൾ നയത്തിനെതിരായ പ്രതിഷേധങ്ങളെ തള്ളി കേന്ദ്ര സർക്കാർ. ഇ20 പെട്രോളിനെതിരെ ആരംഭിച്ച സമരങ്ങൾ നിലച്ചെന്നും പ്രതിഷേധങ്ങൾ പണം നൽകി നടത്തിയ പ്രചാരണമാണെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വിമർശിച്ചു. രാജ്യത്തിന്റെ സാമ്പത്തികനില മെച്ചപ്പെടുത്താൻ പെട്രോളിയം ഇറക്കുമതി കുറയ്ക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, ഇ20 പെട്രോളിലെ എഥനോൾ മിശ്രണം 20 ശതമാനത്തിൽനിന്ന് വർധിപ്പിക്കില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. എന്നാൽ, ഫ്ലെക്സ് ഫ്യൂവൽ വാഹനങ്ങൾക്കായി ഉയർന്ന തോതിലുള്ള എഥനോൾ മിശ്രണം ഉപയോഗിക്കുന്ന കാര്യം ഇതിൽനിന്ന് വ്യത്യസ്തമാണെന്നും മന്ത്രി വിശദീകരിച്ചു.
ഇ85, ഇ100 വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. അതേസമയം, സാധാരണ പെട്രോൾ കാറുകളിലും ഇ20 ഇന്ധനത്തിനായി രൂപകൽപ്പന ചെയ്ത വാഹനങ്ങളിലും ഇ100 ഇന്ധനം ഉപയോഗിക്കാൻ അനുമതിയില്ല.