അഖിലേഷ് യാദവിന്റെ റോഡ്ഷോയ്ക്കിടെ ദുരന്തം; ബുൾഡോസർ ഇടിച്ച് 12 വയസ്സുകാരന് ദാരുണാന്ത്യം.

ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ റോഡ്ഷോയ്ക്കിടെ ബുൾഡോസർ ഇടിച്ച് 12 വയസ്സുകാരൻ മരിച്ചു. ചൗരി ചൗരയിലെ രാജധാനി ഗ്രാമവാസിയായ ആര്യവർദ്ധൻ സിംഗാണ് മരിച്ചത്. പ്രാദേശിക ബിജെപി നേതാവ് ഓംകാർ സിംഗിന്റെ മകനാണ് ആര്യവർദ്ധൻ.
കൂടാഘട്ട് മേഖലയിൽ നടന്ന റോഡ്ഷോയ്ക്കിടെ പൂക്കൾ വിതറുകയായിരുന്ന ബുൾഡോസറാണ് അപകടമുണ്ടാക്കിയതെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. അഖിലേഷ് യാദവിന്റെ വാഹനവ്യൂഹം കടന്നുപോയതിന് പിന്നാലെ അമിതവേഗത്തിലെത്തിയ ബുൾഡോസർ കുട്ടിയെ പിന്നിൽനിന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഡിവൈഡറിലേക്ക് തെറിച്ചുവീണ കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് കുടുംബാംഗങ്ങളും നാട്ടുകാരും റോഡ് ഉപരോധിച്ചു. സമാജ്‌വാദി പാർട്ടി പ്രവർത്തകരുടെ ഗുണ്ടായിസമാണ് മരണത്തിന് കാരണമെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. സംഭവത്തിൽ നീതി ആവശ്യപ്പെട്ട് പ്രതിഷേധം തുടരുകയാണ്