‘അക്വൻ’ ചുഴലിക്കാറ്റ് തീരത്തേക്ക്; ആന്ധ്രയിലും ഒഡീഷയിലും ജാഗ്രത, ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു.

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘അക്വൻ’ ചുഴലിക്കാറ്റ് തീരത്തേക്ക് അടുക്കുന്നു. നവംബർ 20 ഉച്ചയോടെ വടക്കൻ ആന്ധ്രാപ്രദേശ്, യാനാം, തെക്കൻ ഒഡീഷ തീരങ്ങൾക്കിടയിൽ ഗോപാൽപൂരിന് സമീപം ചുഴലിക്കാറ്റ് കരതൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നരസാപൂരിനും പുരിക്കും ഇടയിലുള്ള തീരപ്രദേശങ്ങളിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. ചുഴലിക്കാറ്റ് കരതൊടുമ്പോൾ മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചില സമയങ്ങളിൽ കാറ്റിന്റെ വേഗം 110 കിലോമീറ്റർ വരെയാകാനും സാധ്യതയുണ്ട്.
ചുഴലിക്കാറ്റിനെ നേരിടാൻ ഒഡീഷയിലും ആന്ധ്രാപ്രദേശിലും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ആയിരക്കണക്കിന് ദുരിതാശ്വാസ ക്യാംപുകൾ തുറക്കുകയും ചെയ്തിട്ടുണ്ട്. ആളപായം പൂർണമായും ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഭരണകൂടങ്ങളുടെ പ്രവർത്തനം.
മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ചാണ് അക്വൻ ചുഴലിക്കാറ്റായി മാറിയത്. നവംബർ 18-ഓടെ തീവ്ര ചുഴലിക്കാറ്റായി മാറിയ ഇത് പിന്നീട് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിച്ച് ഗോപാൽപൂരിന് സമീപത്തേക്ക് നീങ്ങുകയായിരുന്നു. നേരത്തെ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും പുതിയ വിലയിരുത്തലിൽ കാറ്റിന്റെ തീവ്രത കുറവായിരിക്കുമെന്നാണ് സൂചന.
ഇറാൻ നിർദേശിച്ച പേരാണ് ‘അക്വൻ’. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപപ്പെടുന്ന ചുഴലിക്കാറ്റുകൾക്ക് പേരിടുന്നത് ലോക കാലാവസ്ഥാ സംഘടനയുടെയും യുഎൻ സാമ്പത്തിക സാമൂഹിക കമ്മീഷന്റെയും കീഴിലുള്ള 13 അംഗരാജ്യങ്ങൾ നിർദേശിക്കുന്ന പട്ടികയിൽ നിന്നാണ്. 2020 ഏപ്രിലിൽ നിലവിൽ വന്ന 169 പേരുകളടങ്ങിയ പട്ടികയിലാണ് അക്വൻ ഉൾപ്പെട്ടിരിക്കുന്നത്.