‘സഹായിച്ച ചങ്ങാടത്തെ ജീവിതകാലം മുഴുവൻ ചുമക്കേണ്ടതില്ല’; പി.പി. ദിവ്യയുടെ കുറിപ്പ് ചർച്ചയാകുന്നു.

കണ്ണൂർ: സിപിഎമ്മുമായുള്ള അകൽച്ച സൂചിപ്പിക്കുന്ന തരത്തിൽ ഫെയ്സ്ബുക്കിൽ കുറിപ്പുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ. ഒരിക്കൽ സഹായിച്ച ചങ്ങാടത്തെ ജീവിതകാലം മുഴുവൻ ചുമന്നുനടക്കേണ്ടതില്ലെന്ന ആശയമുള്ള കുറിപ്പാണ് രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
“നമ്മെ ഒരു കരയിൽനിന്ന് മറ്റൊരു കരയിലേക്ക് എത്തിക്കാൻ സഹായിച്ച ചങ്ങാടത്തെ ജീവിതകാലം മുഴുവൻ ചുമന്നുനടക്കേണ്ടതില്ല. അതിനെ ഉപേക്ഷിക്കുന്നത് നന്ദികേടല്ല; മറിച്ച്, ജീവിതം നമ്മെ പഠിപ്പിച്ച പാഠത്തെ തിരിച്ചറിയലാണ്” എന്നാണ് ദിവ്യ കുറിപ്പിൽ പറയുന്നത്.
ജീവിതത്തിലെ ബന്ധങ്ങൾ, അനുഭവങ്ങൾ, മുറിവുകൾ, സത്യത്തിന്റെയും നീതിയുടെയും വില എന്നിവയെക്കുറിച്ചുള്ള ചിന്തകളാണ് കുറിപ്പിലുള്ളത്. ഒരുകാലത്ത് ശരിയെന്ന് തോന്നിയതെല്ലാം എക്കാലവും ശരിയായിരിക്കണമെന്നില്ലെന്നും ചിലതിനോട് നന്ദിയുള്ളവരായിരിക്കുമ്പോൾ തന്നെ ചിലതിനെ വിട്ടുപോകാൻ പഠിക്കണമെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കു പിന്നാലെ പി.പി. ദിവ്യയ്ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കേണ്ടിവന്നിരുന്നു. തുടർന്ന് സിപിഎമ്മിന്റെ സംഘടനാതലത്തിലുള്ള നടപടികളും രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിരുന്നു.
ഈ സാഹചര്യത്തിലാണ് ദിവ്യയുടെ പുതിയ ഫെയ്സ്ബുക്ക് കുറിപ്പ് ശ്രദ്ധ നേടുന്നത്. കുറിപ്പിൽ സിപിഎമ്മിനെയോ ഏതെങ്കിലും നേതാവിനെയോ നേരിട്ട് പരാമർശിച്ചിട്ടില്ലെങ്കിലും, രാഷ്ട്രീയ ബന്ധങ്ങളിൽനിന്നുള്ള അകൽച്ചയുടെ സൂചനയാണോ ഇതെന്ന ചർച്ചകൾ ഉയരുന്നുണ്ട്.
“ഓരോ കഥയ്ക്കു പിന്നിലും ഒരു ജീവിതമുണ്ട്… ഓരോ ജീവിതത്തിനുള്ളിലും പറയാതെപോയ ഒരു സത്യവുമുണ്ട്” എന്ന ആശയത്തോടെയാണ് ദിവ്യ കുറിപ്പ് അവസാനിപ്പിക്കുന്നത്. എന്നാൽ കുറിപ്പ് സിപിഎമ്മിനെ ലക്ഷ്യമിട്ടുള്ളതാണെന്ന് ദിവ്യ നേരിട്ട് വ്യക്തമാക്കിയിട്ടില്ല.