അപകടമുണ്ടാക്കിയ കാറിൽനിന്ന് എം.ഡി.എം.എ കണ്ടെടുത്തു.

അപകടമുണ്ടാക്കിയ കാറിൽനിന്ന് എം.ഡി.എം.എ കണ്ടെടുത്തു; പരിക്കേറ്റയാളുടെ കൂടെ ആംബുലൻസിൽ കയറി രക്ഷപ്പെട്ട ഡ്രൈവർക്കായി അന്വേഷണം; കാർ തൃപ്പനച്ചി സ്വദേശിയുടേത്..!
മമ്പാടിൽ സ്കൂട്ടറിലും കാറുകളിലും ഇടിച്ച് അപകടം പരത്തിയ കാറിൽ നിന്ന് എം.ഡി.എം.എ കണ്ടെടുത്തു. അപകടത്തിന് പിന്നാലെ പരിക്കേറ്റയാളുടെ കൂടെ ആംബുലൻസിൽ കയറി ആശുപത്രിയിലെത്തിയ ഡ്രൈവർ പിന്നീട് മുങ്ങുകയായിരുന്നു. സംഭവത്തിൽ പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കെ.എൻ.ജി. റോഡിൽ മമ്പാട് ബീംബുങ്ങലിൽ പരതമ്മൽ സ്കൂളിന് സമീപം ഇന്നലെ വൈകിട്ട് ആണ് സംഭവം. നിലമ്പൂരിൽ നിന്ന് മമ്പാട് ഭാഗത്തേക്ക് അമിതവേഗത്തിൽ വന്ന കാർ ആദ്യം എതിരേ വന്ന ഒരു സ്കൂട്ടറിലും തുടർന്ന് രണ്ട് കാറുകളിലും ഇടിക്കുകയായിരുന്നു.
അപകടത്തിൽ സാരമായി പരിക്കേറ്റ സ്കൂട്ടർ യാത്രികൻ വടപുറം സ്വദേശി സിയാദ് കൊട്ടപ്പുറത്തിനെ അതുവഴി വന്ന ആംബുലൻസിൽ കയറ്റിയാണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പരിക്കേറ്റയാളെ സഹായിക്കാനെന്ന വ്യാജേന കാർ ഡ്രൈവറും ആംബുലൻസിൽ കയറി ഒപ്പം പോവുകയായിരുന്നു.
തുടർന്ന് പോലീസ് സ്ഥലത്തെത്തി കാറിൽ നടത്തിയ പരിശോധനയിലാണ് ഡ്രൈവിങ് സീറ്റിന് സമീപത്തുനിന്ന് 0.58 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. ഇതിനുപുറമെ കാറിൽ നിന്ന് മദ്യക്കുപ്പികളും കണ്ടെടുത്തതായി വിവരമുണ്ട്. രോഗിയെ ആശുപത്രിയിലെത്തിച്ച ഉടൻ തന്നെ ഡ്രൈവർ അവിടെനിന്ന് മുങ്ങുകയായിരുന്നു.
കാറിലുണ്ടായിരുന്ന മൂന്നുപേരും പിന്നീട് ഓടിരക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ. തൃപ്പനച്ചി സ്വദേശിയുടെ പേരിലാണ് അപകടം വരുത്തിയ കാർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. കാർ കസ്റ്റഡിയിലെടുത്ത പോലീസ് പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.