പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത.

പോക്സോ കേസില്‍ ജാമ്യത്തിലിരിക്കെ ട്രാൻസ്ജെൻഡർ യുവതിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങള്‍ ഫോണില്‍ പകർത്തി ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത യുവാവ് പിടിയില്‍.
മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് ഷാഫിയെ (21) പാലാരിവട്ടം പൊലിസ് ആണ് അറസ്റ്റ് ചെയ്തത്.
സാമൂഹ്യമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട ട്രാൻസ് വുമണിനെ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയും, തുടർന്ന് നഗ്നചിത്രങ്ങള്‍ രഹസ്യമായി പകർത്തി കാണിച്ച് ഭീഷണിപ്പെടുത്തി 1,18,000 രൂപയോളം തട്ടിയെടുക്കുകയുമായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
പ്രതിയുടെ ഫോണ്‍ പരിശോധിച്ച പൊലിസ് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവിട്ടത്. ഇയാളുടെ ഫോണില്‍ നിരവധി പെണ്‍കുട്ടികളുമായുള്ള നഗ്ന വീഡിയോകളും ചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. സമാനമായ രീതിയില്‍ മറ്റാരെയെങ്കിലും ഇയാള്‍ കബളിപ്പിച്ചിട്ടുണ്ടോയെന്ന കാര്യം പൊലിസ് അന്വേഷിച്ചു വരികയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.