കാമുകനെ ഒഴിവാക്കാൻ ക്വട്ടേഷൻ; യുവതിയടക്കം അഞ്ച് പേർ അറസ്റ്റിൽ.

കാമുകനെ ഒഴിവാക്കാൻ സുഹൃത്തുക്കൾക്ക് ക്വട്ടേഷൻ നൽകി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പട്ടാമ്പി സ്വദേശിനിയായ യുവതിയും നാല് കൂട്ടാളികളും അറസ്റ്റിൽ. പട്ടാമ്പി സ്വദേശിനി സഫാനയും സുഹൃത്തുക്കളായ നാദിയ, റബീബ, ഇർഷാദ്, അസറുദ്ദീൻ എന്നിവരാണ് പോലീസ് പിടിയിലായത്. സഫാനയെ കാണാനെന്ന വ്യാജേന തിരൂരിലെത്തിയ യുവാവിനെ സുഹൃത്തുക്കൾ ബൈക്കിൽ കയറ്റി കൊണ്ടുപോയി പിന്നീട് കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിന് ശേഷം താഴേപ്പാലം പുഴയ്ക്ക് സമീപം റോഡരികിൽ ഉപേക്ഷിച്ച പ്രതികൾ യുവാവിന്റെ മൊബൈൽ ഫോണും കവർന്നു. അവശനിലയിലായ യുവാവ് പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അഞ്ച് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ ഇർഷാദിനും അസറുദ്ദീനും നേരത്തെ മയക്കുമരുന്ന് കേസുകളിലും അടിപിടി കേസുകളിലും പങ്കുണ്ടെന്ന് പോലീസ് വ്യക്തമാക്കി. അറസ്റ്റിലായ അഞ്ചുപേരെയും തിരൂർ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.