തൃശ്ശൂർ ശക്തൻ സ്റ്റാൻഡിൽ ബസ് സമയത്തെച്ചൊല്ലി തർക്കം: കണ്ടക്ടർക്ക് കഴുത്തിന് കുത്തേറ്റു.

തൃശ്ശൂർ: ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡിൽ ബസ് സമയത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ സ്വകാര്യ ബസ് കണ്ടക്ടർക്ക് കഴുത്തിന് കുത്തേറ്റു. തൃശ്ശൂർ–ഗുരുവായൂർ റൂട്ടിലോടുന്ന കുറുപ്പത്ത് ബസിലെ കണ്ടക്ടർ അഖിൽ (30) ആണ് പരിക്കേറ്റത്. വെണ്ണിലാവ് ബസ് ഉടമ രാജേഷിന്റെ മകൻ കാർത്തിക് (18) ആണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്.
വൈകിട്ട് 5.45-ഓടെ ഗുരുവായൂർ ഭാഗത്തേക്കുള്ള ബസുകൾ പാർക്ക് ചെയ്യുന്ന സ്ഥലത്തായിരുന്നു സംഭവം. ബസുകൾ തമ്മിൽ സമയത്തെച്ചൊല്ലി നേരത്തെ തർക്കം നിലനിന്നിരുന്നതായാണ് വിവരം.
കുറുപ്പത്ത് ബസിൽ യാത്രക്കാർ കയറുന്നതിനിടെ വെണ്ണിലാവ് ബസിന്റെ ഉടമ അവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണമാണ് സംഘർഷത്തിലേക്ക് നയിച്ചത്. ഇതിനെ ബസ് ജീവനക്കാർ ചോദ്യം ചെയ്തതോടെ തർക്കം രൂക്ഷമായി. ഇതിനിടെ വെണ്ണിലാവ് ബസ് പിന്നോട്ടെടുക്കുന്നതിനിടെ കുറുപ്പത്ത് ബസിൽ ഇടിച്ചതായും റിപ്പോർട്ടുണ്ട്.
പോലീസ് സ്ഥലത്തെത്തി പ്രശ്നം പരിഹരിച്ചെങ്കിലും പിന്നീട് സ്ഥലത്തെത്തിയ കാർത്തിക് സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കണ്ടക്ടറെ കുത്തിയെന്നാണ് റിപ്പോർട്ട്.
അഖിലിന്റെ കഴുത്തിനും കൂടെയുണ്ടായിരുന്ന മറ്റൊരു ബസ് ജീവനക്കാരന്റെ കൈയ്ക്കും പരിക്കേറ്റു. സംഘർഷത്തിനിടെ കാർത്തികിന്റെ പല്ലിനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ തൃശ്ശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.