മൃതദേഹങ്ങൾ സംസ്കരിക്കാൻ മറ്റു പഞ്ചായത്തുകളെ ആശ്രയിച്ച് നാട്ടുകാർ.

0

ആളൂർ പഞ്ചായത്തിലെ തിരുത്തിപ്പറമ്പിൽ ഒരു കോടി രൂപ ചെലവഴിച്ച് നിർമിച്ച ഓർമതീരം വാതകശ്മശാനം ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷമായിട്ടും പ്രവർത്തനം ആരംഭിച്ചില്ല. ആധുനിക ശ്മശാനം വേണമെന്ന നാട്ടുകാരുടെ ദീർഘകാല ആവശ്യത്തെത്തുടർന്ന് നിർമിച്ച പദ്ധതിയാണ് ഇപ്പോഴും ഉപയോഗശൂന്യമായി കിടക്കുന്നത്. 2025 ഒക്ടോബറിൽ മന്ത്രി ആർ. ബിന്ദുവാണ് ശ്മശാനം ഉദ്ഘാടനം ചെയ്തത്. 80 ലക്ഷം രൂപ ചെലവഴിച്ച് കെട്ടിടം, ക്രിമറ്റോറിയം, ചേംബർ, പുകക്കുഴൽ എന്നിവയുടെ നിർമാണം പൂർത്തിയാക്കിയിരുന്നു. ശേഷിക്കുന്ന 20 ലക്ഷം രൂപ ചെലവഴിച്ചുള്ള ചുറ്റുമതിൽ നിർമാണവും അടുത്തിടെയാണ് പൂർത്തിയായത്. എന്നിട്ടും ശ്മശാനം പ്രവർത്തനസജ്ജമാകാത്തതിനാൽ ആളൂർ പഞ്ചായത്തിലെ മൃതദേഹങ്ങൾ സംസ്കരിക്കാൻ നാട്ടുകാർ ചാലക്കുടി, ഇരിങ്ങാലക്കുട, കൊരട്ടി എന്നിവിടങ്ങളിലെ ശ്മശാനങ്ങളെ ആശ്രയിക്കുകയാണ്.
അതേസമയം, പഞ്ചായത്തിലെ മറ്റ് സമുദായ ശ്മശാനങ്ങളും കാടുകയറി നശിക്കുന്ന അവസ്ഥയിലാണ്. പഞ്ഞപ്പിള്ളിയിലെ പട്ടികജാതി വിഭാഗങ്ങളുടെ രണ്ട് ശ്മശാനങ്ങൾ ഉൾപ്പെടെ മാനാട്ടുകുന്ന്, പൊരുന്നംകുന്ന്, ഉറുമ്പൻകുന്ന്, കുഴിക്കാട്ടുശ്ശേരി എന്നിവിടങ്ങളിലെ ശ്മശാനങ്ങളും ഉപയോഗശൂന്യമായി കിടക്കുന്നു. 2015-ൽ അംബേദ്കർ ഗ്രാമപദ്ധതിയിൽ ഉൾപ്പെടുത്തി ലക്ഷങ്ങൾ ചെലവഴിച്ച് നവീകരിച്ച പഞ്ഞപ്പിള്ളിയിലെ രണ്ട് ശ്മശാനങ്ങളിലും ഇതുവരെ ഒരു മൃതദേഹം പോലും സംസ്കരിച്ചിട്ടില്ല. മൃതദേഹം ദഹിപ്പിക്കാൻ അനുവദിച്ച ഇരുമ്പുപെട്ടികൾ പോലും തുരുമ്പെടുത്ത് നശിക്കുകയാണ്. ആധുനിക ശ്മശാനങ്ങളുടെ അഭാവവും പരമ്പരാഗത ശ്മശാനങ്ങളുടെ പരിപാലനമില്ലായ്മയും നാട്ടുകാർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഓർമതീരം ശ്മശാനം എത്രയും വേഗം പ്രവർത്തനസജ്ജമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

You may have missed