പ്രളയത്തിൽ നഷ്ടമായ സ്വർണവും പഴ്സും മാസങ്ങൾക്കുശേഷം കണ്ടെത്തി ഉടമയ്ക്ക് തിരികെ നൽകി വിദ്യാർഥികൾ; അഭിനന്ദിച്ച് നാട്ടുകാർ.

0

മലപ്പുറം: പ്രളയജലത്തിൽ ഒഴുകിപ്പോയ സ്വർണാഭരണവും രേഖകളടങ്ങിയ പഴ്സും മാസങ്ങൾക്കുശേഷം തോട്ടിൽനിന്ന് കണ്ടെത്തിയ വിദ്യാർഥികൾ യഥാർഥ ഉടമയെ കണ്ടെത്തി തിരികെ നൽകി. സത്യസന്ധതയുടെയും സാമൂഹിക പ്രതിബദ്ധതയുടെയും മാതൃകയായ മൂന്ന് വിദ്യാർഥികളുടെ പ്രവൃത്തിക്ക് നാട്ടുകാരുടെ അഭിനന്ദനം.
ഒതുക്കുങ്ങൽ സ്വദേശികളായ അഷ്ഫാക്, റാഫി, ഷഹൽ എന്നിവർക്കാണ് തോട്ടിൽനിന്ന് സ്വർണാഭരണവും രേഖകളടങ്ങിയ പഴ്സും ലഭിച്ചത്. പറപ്പൂർ ഐയു ഹയർ സെക്കൻഡറി സ്കൂളിലെയും ഒതുക്കുങ്ങൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെയും വിദ്യാർഥികളാണിവർ.
തോട്ടിൽ ഞണ്ടുപിടിക്കുന്നതിനിടെയാണ് കല്ലുകൾക്കിടയിൽ കുടുങ്ങിക്കിടന്ന പഴ്സ് കുട്ടികളുടെ ശ്രദ്ധയിൽപ്പെട്ടത്. പരിശോധിച്ചപ്പോൾ അതിനുള്ളിൽ സ്വർണാഭരണവും വിലപ്പെട്ട രേഖകളും കണ്ടെത്തി. പഴ്സിലുണ്ടായിരുന്ന വിലാസം പരിശോധിച്ച് ഉടമയെ കണ്ടെത്താൻ വിദ്യാർഥികൾ ശ്രമം നടത്തി. ഒടുവിൽ ഊരകം നെല്ലിപ്പറമ്പ് ജിഎൽപി സ്കൂളിലെ അധ്യാപികയായ ശ്രീജയുടേതാണ് ആഭരണമെന്ന് തിരിച്ചറിഞ്ഞു.
കഴിഞ്ഞ ജൂണിൽ വീട്ടിലേക്ക് പ്രളയജലം കയറിയതിനെത്തുടർന്ന് രേഖകളും മറ്റ് സാധനങ്ങളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനിടെയാണ് അരപ്പവനോളം തൂക്കമുള്ള സ്വർണാഭരണവും പഴ്സും വെള്ളത്തിൽ വീണ് നഷ്ടമായത്. പിന്നീട് ഏറെ തിരഞ്ഞെങ്കിലും ഇവ കണ്ടെത്താനായിരുന്നില്ല.
മാസങ്ങൾക്കുശേഷം അപ്രതീക്ഷിതമായി സ്വർണം തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് ശ്രീജ. പഴ്സിലുണ്ടായിരുന്ന സാധനങ്ങൾ സ്വന്തമാക്കാൻ ശ്രമിക്കാതെ ഉടമയെ കണ്ടെത്തി തിരികെ ഏൽപ്പിച്ച വിദ്യാർഥികളെ നാട്ടുകാരും കുടുംബാംഗങ്ങളും അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed