ചിറയിൻകീഴ് കോൺഗ്രസ് തമ്മിലടി.

0

തിരുവനന്തപുരം: ചിറയിൻകീഴ് കോൺഗ്രസ് നേതാക്കൾ തമ്മിലുണ്ടായ കൈയാങ്കളി വിവാദത്തിൽ സസ്പെൻഷനിലായ നേതാക്കളെ പാർട്ടി തിരിച്ചെടുത്തു. കെപിസിസി അംഗം പാളയം പ്രദീപ്, ചിറയിൻകീഴ് ബ്ലോക്ക് ജനറൽ സെക്രട്ടറി എസ്. സജാദ് എന്നിവരെയാണ് കോൺഗ്രസ് തിരിച്ചെടുത്തത്. രമ്യ ഹരിദാസ് എംഎൽഎ പങ്കാളിയായ സംഭവവുമായി ബന്ധപ്പെട്ട ഒത്തുതീർപ്പ് ചർച്ചകളുടെ ഭാഗമായാണ് നടപടി.
സജാദ് ഉൾപ്പെടെയുള്ളവർക്കെതിരെ രമ്യ ഹരിദാസ് നൽകിയ പരാതി പിൻവലിക്കാനും ധാരണയായിട്ടുണ്ട്. പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു ചിറയിൻകീഴിലെ തമ്മിലടി. പൊതുജനമധ്യത്തിൽ പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്ന തരത്തിൽ ഗുരുതരമായ സംഘടനാപരമായ അച്ചടക്കലംഘനം നടത്തിയെന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പാളയം പ്രദീപിനെയും എസ്. സജാദിനെയും പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തത്.
കോൺഗ്രസ് നേതാക്കൾ തമ്മിലുണ്ടായ കയ്യാങ്കളി പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. വിഷയത്തെ പാർട്ടി ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം അറിയിച്ചിരുന്നു.
അതേസമയം, കൈയാങ്കളിയുമായി ബന്ധപ്പെട്ട് രമ്യ ഹരിദാസ് എംഎൽഎയുടെ പരാതിയിൽ 14 പേർക്കെതിരെയാണ് കേസെടുത്തിരുന്നത്. കോൺഗ്രസ് ജനപ്രതിനിധികളും നേതാക്കളുമായ സജിത്ത് മുട്ടപ്പലം, സജാദ്, ബിനോയ്, അധീഷ്, വിശ്വനാഥ്, സജേഷ് എന്നിവരും കണ്ടാലറിയാവുന്ന എട്ട് പേരുമാണ് കേസിലെ പ്രതികൾ.
എംഎൽഎയെ ആക്രമിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് കേസെടുത്തത്. പാർട്ടിക്കുള്ളിലെ തർക്കവും നിയമനടപടികളും ചർച്ചയായ സംഭവത്തിൽ ഇപ്പോൾ നേതാക്കളെ തിരിച്ചെടുക്കാനുള്ള തീരുമാനം രാഷ്ട്രീയ ശ്രദ്ധ നേടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed