മനക്കൊടി പുള്ള് റോഡിനോട് ചേർന്നുള്ള പെരുമ്പുഴ കനാലിൽ ചണ്ടിയും കുളവാഴയും നിറഞ്ഞതോടെ നീരൊഴുക്ക് നിലച്ചു.

മനക്കൊടി പുള്ള് റോഡിനോട് ചേർന്നുള്ള പെരുമ്പുഴ കനാലിൽ ചണ്ടിയും കുളവാഴയും നിറഞ്ഞതോടെ നീരൊഴുക്ക് നിലച്ചു. ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന വെള്ളം പുളിരസം നിറഞ്ഞ് കൃഷിക്ക് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ഒക്ടോബർ ആദ്യം എം.എൽ.എമാരായ സി. രവീന്ദ്രനാഥിന്റെയും ഗീതാ ഗോപിയുടെയും നേതൃത്വത്തിൽ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ ഒരാഴ്ചയ്ക്കുള്ളിൽ കനാലുകൾ വൃത്തിയാക്കുമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. മുനയം വളയം കെട്ടിന്റെ നിർമാണം പൂർത്തിയാകാത്തതിനാൽ ചിമ്മിനിയിൽനിന്ന് തുറന്നുവിടുന്ന വെള്ളം കടലിലേക്ക് ഒഴുകിപ്പോകുകയാണ്. ആവശ്യത്തിന് വെള്ളം ലഭിക്കാത്തതിനാൽ കൃഷി ഉണങ്ങുമെന്ന ആശങ്കയിലാണ് കർഷകർ. അധികൃതർ അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് കേരള കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം ടി.വി. ഹരിദാസൻ ആവശ്യപ്പെട്ടു.