സ്‌കൂളുകളിലെ നിർമാണപ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണം: ജില്ലാ കളക്ടർ.

0

ജില്ലയിലെ വിവിധ സ്‌കൂളുകളുടെ നിർമാണപ്രവൃത്തികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. വിദ്യാർത്ഥികളുടെ പഠനാന്തരീക്ഷത്തിന് തടസ്സമില്ലാത്ത രീതിയിൽ എല്ലാ നിർമാണപ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കാൻ കിറ്റ്കോ, കില, പൊതുമരാമത്ത് വകുപ്പ് എന്നിവർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. പ്രവൃത്തികളുടെ പൂർത്തീകരണ സമയക്രമം സംബന്ധിച്ച റിപ്പോർട്ട് അതത് നിർവഹണ ഏജൻസികൾ സമർപ്പിക്കണം.

സ്‌കൂൾ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട വാല്വേഷൻ നടപടികൾ തീർപ്പാക്കാനുണ്ടെങ്കിൽ എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയറോട് നിർദ്ദേശിച്ചു. ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുന്ന സ്‌കൂളുകളിലെ അടുക്കളകളിൽ ശുചിത്വം പാലിക്കുന്നുണ്ടെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാർ പരിശോധിച്ച് ഉറപ്പാക്കണമെന്ന് എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. കൂടാതെ, ഗ്രൗണ്ടുകളും ലൈബ്രറികളും ഇല്ലാത്ത സർക്കാർ സ്‌കൂളുകളുടെ വിവരങ്ങൾ ശേഖരിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി.

കായികാധ്യാപകരുടെ അഭാവം പരിഹരിക്കുന്നതിന് താത്കാലിക കായിക അധ്യാപകരെ നിയമിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കാൻ വിദ്യാഭ്യാസ വകുപ്പിന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

യോഗത്തിൽ വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർ ടി. ഷൈല, ജില്ലാ പ്ലാനിംഗ് ഓഫീസർ എ.ഡി. ജോസഫ്, പ്രധാനാധ്യാപകർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *